Wednesday, September 26, 2012

'അമേരിക്കന്‍ മോഡല്‍ വികസനം അറബിക്കടലില്‍'



കേരള വികസനത്തിനു് യുപിഎയും യുഡിഎഫും മുന്നോട്ടു് വെയ്ക്കുന്ന പരിപ്രേക്ഷ്യം അമേരിക്കയിലെ പ്രതിസന്ധിയക്കു് വഴി വെച്ച അതേ മാതൃകയാണു്. ധന മൂലധനാധിപത്യമാണതിന്റെ ലക്ഷ്യം. ധന മൂലധനം പെരുപ്പിക്കുകയാണതിന്റെ മാര്‍ഗ്ഗം. അതു് ജനങ്ങളുടെ കയ്യിലുള്ള സമ്പത്തിന്റെ മൂല്യം ഇടിക്കും. വരുമാനം കുറയ്ക്കും. തൊഴില്‍ കുറയും. അതു് കമ്പോള മാന്ദ്യത്തിനു് വഴിവെയ്ക്കും. തലപ്പത്തുള്ളവരുടെ ധൂര്‍ത്തും കമ്പോള മാന്ദ്യവും ചേര്‍ന്നു് സ്ഥാപനം പാപ്പരാക്കും. സര്‍ക്കാര്‍ അവയെ ജാമ്യത്തിലെടുക്കാന്‍ പണമൊഴുക്കേണ്ടി വരും. അതും തട്ടിയെടുക്കുന്നതു് ധന മൂലധന കുത്തകകള്‍ മാത്രം. തൊഴിലാളികളും സാധാരണക്കാര്‍ക്കും ജാമ്യ പദ്ധതികള്‍ കൊണ്ടു് യാതൊരു നേട്ടവുമില്ല. അതിന്റെ അനന്തര ഫലമാണു് വാള്‍സ്ട്രീറ്റിലാരംഭിച്ച ജനകീയ കൂട്ടായ്മയുടെ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്ന സമരം.

യുപിഎ യും യുഡിഎഫും നിക്ഷേപത്തിനു് പുറകേയാണു് പായുന്നതു്
നിക്ഷേപമാണു് വികസന ലക്ഷ്യമെന്ന കാഴ്ചപ്പാടു് വസ്തുതകള്‍ക്കു് നിരക്കുന്നതല്ല.
നിക്ഷേപം ആസ്തിയല്ല, ബാധ്യതയാണെന്നതു് കണക്കിലെ പ്രാഥമിക തത്വം.

തൊഴിലും വരുമാനവും പുതിയ സമ്പത്തുമാണു് വികസനത്തിന്റെ ലക്ഷ്യമാകേണ്ടതു്
വികസനം കൊണ്ടുവരാന്‍ നിക്ഷേപം ആവശ്യമാണു്,
പക്ഷെ, നിക്ഷേപം കൊണ്ടു് മാത്രം വികസനം ഉണ്ടാകണമെന്നില്ല.
കുറഞ്ഞ നിക്ഷേപം കൊണ്ടു് കൂടുതല്‍ തൊഴിലും വരുമാനവും സമ്പത്തുമാണു് അഭികാമ്യം.

വിദേശ നിക്ഷേപത്തെ ആശ്രയിച്ചുള്ള നവ ഉദാര നയ സമീപനം
ഇന്തയില്‍ വികസനം മുരടിപ്പിക്കുക മാത്രമാണു് ചെയ്തിട്ടുള്ളതു്.
9% നു് മേല്‍ വളര്‍ച്ചയുണ്ടായിരുന്നതു് 5% മായി ഇടിഞ്ഞു.
കട്ടു് മുടിച്ചുണ്ടാക്കിയ വിദേശ നാണയ ശേഖര കമ്മി കുറയ്ക്കുന്നതിലാണു് നേട്ടമുണ്ടായതു്
വീണ്ടും കട്ടുമുടിക്കാന്‍ നാണയ ശേഖരം വീര്‍പ്പിക്കാനും കഴിഞ്ഞു

വിദേശ നാണയ ശേഖരം ഉയര്‍ന്നതു് ബാധ്യത സൃഷ്ടിച്ചു് കൊണ്ടാണു്
നേരിട്ടോ ഓഹരിയിലോ ഉള്ള വിദേശ നിക്ഷേപമാണതിനു് പിന്നില്‍
അതു് തിരിച്ചൊഴുകുമ്പോള്‍ സമ്പദ്ഘടന തകരാറിലാകും
ഈ കടുത്ത ബാധ്യതയാണു് നവ ഉദാര നയത്തിന്റെ ബാക്കി പത്രം.

വിദേശ കമ്പോളത്തെമാത്രം ആശ്രയിച്ചായാല്‍ പരാശ്രിതത്വമാണു് ഫലം
അതു് അപകടമാണു് വരുത്തി വെയ്ക്കുക
നിലവില്‍ ഐടി വികസനം പാളം തെറ്റിയിരിക്കുന്നു.

കേരള കമ്പോളം വിദേശികള്‍ക്കും വിദേശ കമ്പോളത്തിനായി ഐടി പാര്‍ക്കും
ഇന്‍ഫോ പാര്‍ക്കും സ്മാര്‍ട് സിറ്റിയും ടെക്നോ ലോഡ്ജുകളും
അവയിലൂടെ ഭൂമി-കെട്ടിട കച്ചവടം മാത്രം വളരുന്നു
ഐടി വികസനം കേരളത്തിനു് അന്യമാകുന്നു

കേരളത്തില്‍ നാളിതു് വരെ നടന്ന വികലമായ ഐടി വികസനത്തിന്റെ ചുവടു് പിടിച്ചാണു്
കൃഷി, ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും
ഭൂമികച്ചവടവും കെട്ടിട നിര്‍മ്മാണവും അടിസ്ഥാനമാക്കിയുള്ള
വികസന പരിപ്രേക്ഷ്യത്തിനു് എമര്‍ജിങ്ങു് കേരളയെന്ന പേരില്‍ രൂപം നല്‍കിയിരിക്കുന്നതു്.

ഈ വികസന തന്ത്രം സ്ഥലം അന്യാധിനപ്പെടുത്തുകയും
കോണ്‍ക്രീറ്റു് കെട്ടിടങ്ങള്‍ കെട്ടി പരിസ്ഥിതി നാശം വരുത്തിവെയ്ക്കുകയും
കേരളം മരുഭൂമിയാക്കുകയും കുടിവെള്ളം മുട്ടിക്കുകയും ചെയ്യും.
നിക്ഷേപം വരും തൊഴിലോ വരുമാനമോ വരില്ല, സമ്പത്തു് കൂടില്ല.

സ്ഥലവില കൂടും, ധന മൂലധനത്തിന്റെ ഓഹരി വിഹിതവും ലാഭവിഹിതവും ഉയരും
കമ്മീഷന്‍ ഉയരും, അഴിമതി തഴച്ചു് വളരും, ജനങ്ങളുടെ സ്വത്തുക്കളുടെ വിലയിടിയും,
അവ കുത്തകകളുടെ കൈക്കലാകും, അവരുടെ ലാഭം കൂടും
ടൂറിസവും വളരില്ല, തൊഴിലും കൂടില്ല
വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ നേടില്ല, ഭാവി തലമുറ ഏറാന്‍ മൂളികളായി മാറും
ആരോഗ്യവും മെച്ചപ്പെടില്ല, രോഗികളുടെ ഒരു തലമുറ സൃഷ്ടിക്കപ്പെടും.

ഒരു ഘട്ടം കഴിഞ്ഞാല്‍ ആഗോള വ്യാപാര മാന്ദ്യത്തിന്റെ ഇരകളായി മലയാളികളും മാറും
2008 ല്‍ അമേരിക്കയിലുണ്ടായതു് പോലെ, ഇന്നും അവര്‍ തുടര്‍ന്നനുഭവിക്കുന്ന മാന്ദ്യവും ഇവിടെയും വരും.
സ്ഥലവും കെട്ടിടവുമടക്കം എല്ലാറ്റിന്റേയും മൂല്യം ഇടിയും
മുതലാളിത്ത വ്യവസ്ഥാ പ്രതിസന്ധിയുടെ ഇരകളായി മലയാളികളും മാറും.

അമേരിക്കന്‍ മോഡല്‍ വികസനം കേരളത്തിനു് വേണ്ട.
'അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍' എന്ന പഴയ മുദ്രാവാക്യം ഇന്നു് പ്രസക്തമായിരിക്കുന്നു.

99% ത്തിന്റെ ഭാഗമായ സാധാരണക്കാരായ ജനങ്ങള്‍ വൈറ്റില കൂട്ടായ്മയില്‍ പങ്കെടുക്കുന്നു<br/>

No comments:

Post a Comment